അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസ് സംസ്ഥാനത്തെ മൂന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് ഡാളസ് വടക്കു-പടിഞ്ഞാറ് തെക്കു-കിഴക്ക് ദിശയിലൊഴുകുന്ന ട്രിനിറ്റി നദിയുടെ കരയിലെ നിമ്നോന്നതങ്ങളായ പ്രയറി പ്രദേശത്താണ് ഡാളസ് നഗരം വ്യാപിച്ചിരിക്കുന്നത്. ടെക്സസിലെ ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണ് ഏതാണ്ട് 360 കി. മീ വടക്കു-പടിഞ്ഞാറാണ് ഇത്. ട്രിനിറ്റി നദി ഡാളസിനെ രണ്ടു വ്യത്യസ്ത മേഖലകളായി വിഭജിക്കുന്നു. പ്രധാന വാണിജ്യ മേഖല നദിയുടെ കിഴക്കും വടക്കുമായി വ്യാപിച്ചിരിക്കുന്നു. അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശവും ദക്ഷിണ യു.എസിലെ നാലാമത്തെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരവുമാണ് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്. യു.എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം കോളിൻ, ഡാളസ്, ഡെന്റൺ, കോഫ്മാൻ, റോക്ക്‌വോൾ എന്നീ കൗണ്ടികളിലായി 1,197,816 പേർ ഡാളസ് നഗരത്തിൽ വസിക്കുന്നു.